സ്റ്റുഡന്റ്സ് സഭ

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളെ വിദ്യാർത്ഥി സമൂഹവുമായി അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ്സ് സഭ. ഒരു മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി പ്രതിനിധികൾക്ക് മണ്ഡലത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ മണ്ഡലത്തിലെ എംഎൽഎയുമായി പങ്കുവയ്ക്കുന്നതിനുള്ള വേദി പ്രാപ്യമാക്കുക എന്നതാണ് സ്റ്റുഡന്റ്സ് സഭയുടെ ലക്ഷ്യം.

ഇത്തരത്തിൽ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും വിവിധ മേഖലകളിലെ വിദഗ്‌ധരേയും അധ്യാപകരേയും സമന്വയിപ്പിച്ചുക്കൊണ്ടുള്ള ക്രിയാത്മകവും പുരോഗമനപരവും ഫലപ്രദവുമായ ഒരു ജനാധിപത്യ വേദിയാണ് സ്റ്റുഡന്റ്സ് സഭ. 2024ൽ തൃശ്ശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിൽ സ്റ്റുഡന്റ്സ് സഭ ആദ്യമായി സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് 2025ൽ പാലക്കാട് ജില്ലയിലെ തൃത്താല നിയോജകമണ്ഡലത്തിലും കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലും സ്റ്റുഡന്റ്സ് സഭ സംഘടിപ്പിക്കപ്പെടുകയുണ്ടായി.